2012, മാർച്ച് 10, ശനിയാഴ്‌ച

ബ്ലോഗിൽ വിടർത്തിയത്



ബ്ലോഗിൽ വിടർത്തിയത്
                                                                                                      കൃഷ്ണപ്രിയ എ പി
പ്രാദേശിക ഭാഷകളും സാഹിത്യവും വിവരസാങ്കേതിക ലോകത്തു നിന്നും കടുത്ത വെല്ലുവിളി നേരിടുന്ന ഈ .കാലഘട്ടത്തില്‍ അതീവ പ്രാധാന്യം അര്‍ഹിക്കുന്നതുകൊണ്ടാണ് ബ്ലോഗില്‍ വിടര്‍ന്നത്ന്ന കവിതാസമാഹാരം പരിചയപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നത്. ഫിറോസ് തടിക്കാടിന്റെ ഈ കവിതകൾ ഇന്റര്‍നെറ്റിന്റെ സാങ്കേതികത വശമാക്കിയ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചവയാണ്.ആ കവിതകളുടെ ഹാര്‍ഡ് കോപ്പിയാണ് ഈ പേരില്‍ തിരുവനന്തപുരം മൈത്രിബുക്സ് പുറത്തിറക്കിയത്.                   ഇടനിലക്കാരനില്ലാ‍തെ  സഹൃദയനിലേക്കു മാത്രമല്ല വായനക്കാരനിലേക്കും ആസ്വാദനം സാധ്യമാകുന്ന ലളിതമായ രീതിയിലാണ്  ഈ 39 കവിതകൾ രചിച്ചിട്ടുള്ളത്. താൻ കാവ്യപാരമ്പര്യത്തിൽ ഒരു പുതിയ വഴിയാണ് വെട്ടാൻ പോകുന്നതെന്ന് വീട്ടിലേക്കുള്ള വഴിഎന്ന കവിതയിലൂടെ കവി തന്നെ വ്യക്തമാക്കുന്നു. അപനിർമ്മാണ സാധ്യതയുള്ള നാനോകാർ ,ബാർട്ടർ സമ്പ്രദായം ,തോറ്റോടി ,മാറ്റം തുടങ്ങിയ കവിതകൾ വായനക്കാരനെ കൂടി കവിതാരചനയിലേക്ക് ക്ഷണിക്കുന്നു.വാല്മികംകവിതയിൽ നഷ്ടപ്പെട്ടു പോയ നമ്മുടെ വായനാസംസ്കാരം ചിതലുകൾ സ്വീകരിച്ചതായി കവി അഭിപ്രായപ്പെടുന്നു.പി എസ് സി പരീക്ഷയ്ക്കു പഠിക്കുന്ന ദന്തഡോക്ടർ സാഹിത്യസംസ്കാരം നശിപ്പിക്കുന്നതിൽ പി എസ് സിയ്ക്കുള്ള പങ്ക് വ്യക്തമാക്കുന്നു. ലാദന്റെ ദൈവം തന്നെയാണ് ബാമിയാൻ ബുദ്ധപ്രതിമകളിലും ദർശിക്കാൻ കഴിയുന്നതെന്ന് ‘ലാദനും ദൈവവും എന്ന കവിത അവകാശപ്പെടുന്നു.
വിവരസാങ്കേതിക വിപ്ലവത്തിൽ പിന്തള്ളപ്പെട്ടുപോയ പേപ്പറിന്റെ വിഷാദമാണ് പ്രയാണം എന്ന കവിത. ശരിയുടെയും തെറ്റിന്റെയും നിർവചനങ്ങൾ മാറി മറിഞ്ഞപ്പോൾ  നിഷ്ക്രിയരാകുന്ന വ്യക്തിത്വങ്ങളുടെ മാനസികാവസ്ഥയാണ് തെറ്റ് എന്ന കവിത. അസ്തിത്വദുഃഖം ചുമക്കുന്ന മനുഷ്യൻ അവനോടു തന്നെ ചെയ്യുന്നതാണ് ഏറ്റവും വലിയ മനുഷ്യാവകാശലംഘനം എന്ന് ഷിലവർട്ട് എന്ന കവിത അവകാശപ്പെടുന്നു. മരണം  കൊണ്ടു മാത്രമേ കരയുന്നവന് കണ്ണുനീരിൽ നിന്നു മോചനം ലഭിക്കൂ എന്ന് കണ്ണുനീർത്തുള്ളികൾ പറയുന്നു. അച്ഛനിൽ നിന്നു പോലും ലൈംഗികാതിക്രമങ്ങൾ നേരിടേണ്ടി വരുമ്പോൾ അമ്മ പിഞ്ചു കുഞ്ഞിന്റെ നഗ്നത അച്ഛനിൽ നിന്നു മറയ്ക്കാൻ ശ്രമിക്കുന്ന ദയനീയാവസ്ഥ വരച്ചു കാട്ടുന്നതാണ് മകൾ .കറുത്തവൻ ഒരു സമാധാനവുമില്ലാതെ സമാധാനിക്കുന്നതായി കറുപ്പ് എന്ന കവിത അവകാശപ്പെടുന്നു.സ്ത്രീയായി ജന്മമെടുത്ത് പുരുഷൻ ശിക്ഷ ഏറ്റുവാങ്ങണമെന്ന് പുനർജന്മംഅഭിപ്രായപ്പെടുന്നു. ‘സ്നേഹം വിടർത്തുന്ന ചിലരോടൊപ്പം നീ കൊഞ്ചിക്കുഴയുമ്പോൾ എന്ന പ്രയോഗത്തിൽ നിന്നും പരിസ്ഥിതി പ്രവർത്തകരോട് ചങ്ങാത്തത്തിലാകുന്ന ഭൂമിയാണ് ക്യാൻവാസ് എന്ന കവിതയിലെ കേന്ദ്രകഥാപാത്രമെന്നു മനസ്സിലാക്കാം.അനാഥത്വത്തിന്റെ നിർവചനങ്ങൾ മാറ്റിമറിച്ച കവിതയാണ് ഒറ്റ.
പഞ്ചസാരയ്ക്കു മധുരം പോര
ഉപ്പിനുപ്പു പോര
പുളിക്കു പുളിപ്പു പോര
എനിക്കവളുപോരാത്തതിനാൽ
അവളുടെ നടപ്പു പോര. എന്ന വരികളിൽ പഞ്ചസാരയ്ക്കും ഉപ്പിനും പുളിക്കുമല്ല പ്രശ്നം അവളെ ഒഴിവാക്കാൻ പുരുഷൻ വിരുദ്ധങ്ങൾ കണ്ടെത്തുകയാണ് ( നടപ്പ് ) . വേർപാടിന്റെ വിവിധ നിർവചനങ്ങൾ കണ്ടെത്തുന്ന കവിതയാണ് വേർപിരിയൽ.
കല്ലറ അജയന്റെ അവതാരികയും ബ്ലോഗിന്റെ സാങ്കേതിക വശങ്ങൾ വിവരിക്കുന്ന കെ ബി സുരേഷ് കുമാറിന്റെ ലേഖനവും ഉൾപ്പെടുന്ന , ആശയസമ്പന്നമായ ഈ  കവിതാസമാഹാരത്തിന് സാഹിത്യഭംഗി തുളുമ്പുന്ന പദങ്ങളുടെ സാന്നിധ്യം കുറവുണ്ടെങ്കിലും ഇന്റെർനെറ്റ് യുഗത്തിൽ മലയാളഭാഷാസാഹിത്യം അതിജീവനം നടത്തണമെന്ന് അതിയായി ആഗ്രഹം വച്ചു പുലർത്തുന്ന ഫിറോസിനെ അഭിനന്ദിക്കേണ്ടിയിരിക്കുന്നു.
(ഓൺലൈൻ വായനയ്ക്ക് : uzcommunications.blogspot.com)